![]() |
| ആസ്മ |
ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവികരോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസ്മയെ സനാതന ശ്വാസതടസ്സ രോഗങ്ങളിൽ (Chronic Obstructive Pulmonary Diseases) നിന്ന് വേറിട്ടതാക്കുന്നത്.
ജനിതകവും പാരിസ്ഥിതികവും തൊഴിൽപരവും സാമൂഹികവുമായ ബഹുവിധഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് നിദാനം. ഇതു ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാൽ ലക്ഷണങ്ങളെ പൂർണമായും നിയന്ത്രിച്ചു നിർത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണു മുഖ്യമായും ആസ്മയ്ക്കുള്ള ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്.
“ആയാസപ്പെട്ട് ശ്വസിക്കുക”, “കിതയ്ക്കുക” തുടങ്ങിയ അർത്ഥമുള്ള അസെയ്ൻ (azein) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണു ആസ്മ എന്ന രോഗനാമം ഉത്ഭവിച്ചിരിക്കുന്നത്. ഇന്നുകാണുന്ന വിധമുള്ള നിർവചനത്തിലല്ലെങ്കിലും, ഈ വാക്ക് ഹിപ്പോക്രാറ്റീസിന്റെ എഴുത്തുകളിൽ ആവർത്തിച്ചു ഉപയോഗിച്ചിട്ടുണ്ട്. വിവിധ പ്രാദേശിക വകഭേദങ്ങളിൽ ആസ്മാ, ആസ്ത്മ, ആസ്തമ എന്നൊക്കെ ഉച്ചരിക്കാറുണ്ട്.
ശ്വാസകോശത്തിൽ സൂക്ഷ്മവും സ്ഥൂലവുമായ പല മാറ്റങ്ങളും ആസ്മയിൽ കാണാം. ഇവ മുഖ്യമായും താഴെപ്പറയുന്നവയാണ്:
- കഫം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ പെരുകുന്നു, കഫത്തിന്റെ അമിതോല്പാദനം നടക്കുന്നു, കഫത്തിന്റെ കട്ടിയും ഇലാസ്തികതയും ജലാംശത്തിന്റെ അളവും വ്യത്യാസപ്പെടുന്നു.
- വായു അറകളുടെ ആധാരസ്തരത്തിന്റെ കനം വർധിക്കുക, ബാഹ്യകലകൾക്കിടയിൽ മാസ്റ്റ് കോശങ്ങളും (Mast Cells) മറ്റു ശ്വേതരക്താണുക്കളും(leukocytes) വർദ്ധിക്കുക, സർവോപരി ശ്ലേഷ്മസ്തരത്തിന്റെ (mucus membrane) ഉപപാളികളിലേയ്ക്ക് ഇയോസിനോഫിൽ കോശങ്ങളുടെ തള്ളിക്കയറ്റം ഉണ്ടാവുക .
- ശ്വാസനാളബാഹ്യകലയ്ക്കു വ്യാപകമായ നാശമുണ്ടാകുക. ബാഹ്യകോശങ്ങൾ വ്യാപകമായി പൊഴിയുകയും അത് ശ്വാസനാളികളിലും വായു അറകളിലുമായി വീണു കഫവുമായിച്ചേർന്ന് അടവുണ്ടാക്കുക. ഈ അടവുണ്ടാക്കുന്ന കഫകീലകങ്ങളിൽ (mucus plugs) ഇയോസിനോഫിൽകോശങ്ങളുടെ ധാരാളിത്തം കാണാം.
ശ്വാസനാളികളുടെ അമിതപ്രതികരണമാണ് ആസ്മയുടെ മുഖ്യലക്ഷണവും കാരണവും. എന്നാൽ ഇതിലേക്കു നയിക്കാവുന്ന സംഗതികൾ ഇനിപ്പറയുന്നവയാണ് :
ശ്വാസനാളത്തിലും ശ്വാസകോശത്തിലെ ചെറു വായു അറകളിലുമായി ഉണ്ടാകുന്ന കോശജ്വലനത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് പലതരം വസ്തുക്കളോട് രോഗിക്കുള്ളപ്രത്യൂർജതയാണ് (Allergy) എന്നതാണ് ഈ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന അനുമാനം. ശ്വാസകോശത്തിലൂടെ പ്രത്യൂർജ്ജകങ്ങളുടെ (Allergen) പൊടിയോ കണികകളോ ഉള്ളിലെത്തിയാൽ ശ്വാസകോശത്തിലെ പലതരം ശ്വേതരക്താണുക്കളുടെ സംഘങ്ങൾ പ്രകോപിതരാകുന്നു. സാധാരണനിലയ്ക്ക് രോഗപ്രതിരോധം നടത്തുന്ന വെളുത്ത രക്തകോശങ്ങൾ തന്നെയാണ് ഇവിടെയും പ്രതികരിക്കുന്നതെങ്കിലും ഈ പ്രതികരണം ആവശ്യമായ അളവിലും അധികമാകുന്നുവെന്നതാണ് ആസ്മയിലെ മുഖ്യപ്രശ്നം.
ആസ്മരോഗികളിൽ പ്രത്യൂർജതയ്ക്ക് സമാനമായ അവസ്ഥയുളവാക്കാൻ അജൈവവസ്തുക്കൾ തന്നെ വേണമെന്നില്ല. ഒരു ബാക്റ്റീരിയയോ വൈറസ്സോ പൂപ്പലോ മൂലമുള്ള അണുബാധയുംശ്വാസനാളികളുടെ അമിതപ്രതിരോധപ്രതികരണം ഉളവാക്കി ആസ്മ മൂർച്ഛിക്കാൻ ഇടയാക്കാം. ഏറ്റവും കൂടുതലായി ആസ്മ മൂർച്ഛിക്കാനിടയാക്കുന്ന അണുബാധ വൈറസുകൾ മൂലമുള്ളതാണ്. ഇതാണ് ആസ്മയിലെ വൈറൽ സ്വാധീനത്തെ സംബന്ധിച്ച സിദ്ധാന്തമായി വികസിച്ചത്.
ആസ്മ ഒരു ബഹുഘടകനിയന്ത്രിതരോഗം (multifactorial disease) ആണെങ്കിലും പ്രത്യൂർജ്ജതയുമായുള്ള അതിന്റെ ബന്ധവും ഒരേ കുടുംബങ്ങളിലെ പലതലമുറകളിൽ ആവർത്തിച്ചുവരുന്നതുമൊക്കെ നിരീക്ഷിച്ചിരുന്ന ശാസ്ത്രം വളരെ മുൻപേ തന്നെ ഇതിനെ ഒരു ജനിതകനിർണീതരോഗം ആയി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കേവലം ഒരു ജീനിന്റെ സ്വാധീനം കൊണ്ടല്ല ആസ്മ വരുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലേറെ ജീനുകളാൽ നിയന്ത്രിക്കപ്പെടുന്ന ശരീരപ്രകൃതവും പലവിധ പാരിസ്ഥിതികസ്വാധീനങ്ങളും ചേരുമ്പോഴാണു ആസ്മ പൂർണരൂപത്തിൽ രോഗികളിൽ അവതരിക്കാറ്.
രോഗലക്ഷണങ്ങൾ
ചെറിയ തോതിലുള്ള ചുമയിലാരംഭിച്ച് വലിവിലേക്കും ശ്വാസം മുട്ടലിലേക്കും വികസിക്കുന്നതാണ് ആസ്മയിൽ സാധാരണയായി കണ്ടുവരുന്നത്. മിക്ക രോഗികളിലും ആസ്മ ബാധയുടെ ഇടവേളകൾ താരതമ്യേന പ്രശ്നരഹിതമായിരിക്കും. ഈ പ്രശ്നരഹിതമായ ഇടവേളകളിലും ശ്വാസനാളത്തിലുടനീളം ഉണ്ടാകുന്ന കോശജ്വലനം (inflammation) തുടരുന്നതുകൊണ്ട് ശ്വാസം മുട്ടലോ മറ്റ് അനുസാരി ലക്ഷണങ്ങളോ ഇല്ലാതിരിക്കുന്ന അവസരങ്ങളിലും പലർക്കും ചികിത്സ തുടരേണ്ടുന്ന അവസ്ഥയുണ്ട്.
ആയുർവേദ ഒറ്റമൂലികൾ
- തുളസിയില പിഴിഞ്ഞ് ഒരുസ്പൂൺ നീര് കുടിക്കുക.
- ആട്ടിൻ പാലിൽ ആടലോടകയിലയുടെ നീരും ചേർത്ത് കഴിക്കുക.
- കുരുമുളകും കൽക്കണ്ടവും തേനും ഒന്നിച്ചു ചേർത്ത് കഴിക്കുക.
- മുരിങ്ങയില പിഴിഞ്ഞ ചാറെടുത്ത് കഴിക്കുക.
- താന്നിക്ക തിന്നുക.
- കാടമുട്ട പുഴുങ്ങി തിന്നുക.


Smileys and SymbolsSmileys and Symbols